കൊല്ലം: ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ 2313 അപേക്ഷകള്‍ക്കു പരിഹാരമായി. ജില്ലയില്‍ 25 സെന്റിനു താഴെയുള്ള സൗജന്യ ഭൂമി തരംമാറ്റത്തിനായി ഓഗസ്റ്റ് 31 വരെ ലഭിച്ച അപേക്ഷകളില്‍നിന്നു 3532 എണ്ണമാണ് പരിഗണിച്ചത്. കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍. കരുനാഗപ്പള്ളി അപേക്ഷകള്‍ -1982, പരിഹരിച്ചത് -1114. കൊല്ലം അപേക്ഷകള്‍ - 945, പരിഹരിച്ചത് - 585.
ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് അദാലത്ത് ഉദ്ഘാടനം ചെയ്തു. എഡിഎം ജി.നിര്‍മല്‍കുമാര്‍ അധ്യക്ഷനായി. ശേഷിക്കുന്ന അപേക്ഷകളിലും ഉടന്‍ പരിഹാരം കാണും. ഡെപ്യൂട്ടി കളക്ടര്‍മാരായ ആര് രാകേഷ് കുമാര്‍, എഫ്. റോയ്കുമാര്‍, ആര്.ബീന റാണി, കൊല്ലം ആര്‍ഡിഒ ജി.കെ.പ്രദീപ്, പുനലൂര്‍ ആര്‍ഡിഒ ജി.സുരേഷ് ബാബു, എച്ച്എസ് റാം ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു.